ഒത്തുചേരൽ - 08-01-2026
ഒത്തുചേരൽ - 08 - 01 - 2026
---------------------------------------------------------------------
എവിടെയെന്ന് പറഞ്ഞാൽ അവിടെ എത്തിക്കാമെന്നേറ്റ ശിക്കാരി ഷീജയുടെ വീട്ടിലെത്തിച്ചു മടങ്ങിപ്പോയി. കുറച്ചു സമയം അവിടുത്തെ വിരുന്നുകാരി. സിന്ധുവും നിഷയും വന്നതോടെ അവരോടൊപ്പം ഞാനും ഷീജയും സിന്ധുവിൻ്റെ കാറിൽ സുരേഷേട്ടൻ്റെ തറവാട്ടിലേക്ക് യാത്ര ആരംഭിച്ചു. തറവാട്ടിലേക്കുള്ള തിരിച്ചറിയൽ അടയാളമായിരുന്ന കാർത്ത്യായനിഅമ്പലപരിസരത്ത് വണ്ടിയൊതുക്കി നടന്നു തുടങ്ങിയെങ്കിലും പിന്നീട് വന്നിരുന്ന വിനോദിൻ്റെ കാറിൽ തറവാട്ടിലെത്തി. പ്രകൃതിയൊരുക്കിയ മേലാപ്പുകളുടെ കലവറയിലേക്ക്, കൂട്ടുകാരുടെ അരികിലേക്ക്. സ്വീകരിച്ചവരോ-ടൊപ്പമുള്ള ചിത്രമെടുപ്പിൽ തുടങ്ങി, സൗഹൃദം പുതുക്കൽ, പരിചയപ്പെടൽ മുതലായവയും ആരംഭിച്ചു.
ജ്യൂസ്, ചായ, സ്നാക്സുകൾക്കു പുറമെ നിഷയുടെ ഉണ്ണ്യപ്പവും ബൈജുവിൻ്റെ പാൽപ്പായസവും രുചിച്ചതിനു ശേഷമേ ഇരിപ്പിടങ്ങളെ ആശ്രയിച്ചുള്ളൂ. ശേഷം കേട്ട പാട്ടുകളെല്ലാം തന്നെ പാടിയ എല്ലാവരോടുമുള്ള അടുപ്പത്തിന് ആക്കം കൂട്ടുന്നതായിരുന്നു. വിദേശത്തു നിന്നുള്ള ഹഫ്സുവിൻ്റെ സാന്നിദ്ധ്യം ഇരട്ടിമധുരമായി ഹഫ്സു ഏർപ്പാടാക്കി അവിടെയെത്തിച്ച കേക്കിലൂടേയുമറിഞ്ഞു. എത്തിച്ചേർന്നവർക്കെല്ലാം കേക്കുകളായിരുന്നു കുഞ്ഞുവിൻ്റെ സമ്മാനം. കൃഷ്ണവേണിയും കുറച്ചു ഡ്രസ്സ്മെറ്റീരിയൽസ് അവിടെ പരിചയപ്പെടുത്തിയിരുന്നു.
ഉച്ചഭക്ഷണവും സ്വാദിഷ്ടമായിരുന്നു.
"കൈ കോർത്ത കാലം" പതിപ്പുകൾ ആവശ്യക്കാർക്കുള്ള വിതരണവുമുണ്ടായിരുന്നു.
"എനിക്കൊരു പട്ടവും ചാർത്തിത്തരേണ്ട, എല്ലാം കൂട്ടുകാർക്ക് വേണ്ടി " എന്ന ചിന്താഗതിയോടെ ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ സൗഹൃദക്കൂട്ടായ്മക്കായി പ്രവർത്തിച്ച നിറങ്ങൾ സൗഹൃദങ്ങളെ / സഹോദരങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
അവധിദിനമല്ലാതിരുന്നിട്ടും എത്തിച്ചേർന്നവർ സുഹൃദ്ഭാവങ്ങൾ തന്മയത്വത്തോടെ ഉൾക്കൊണ്ടവരായിരുന്നെന്ന് നിസ്സംശയം പറയാവുന്നതാണ്. അതാണല്ലോ വേണ്ടതും. ആഗ്രഹിച്ചിട്ടും വരാൻ കഴിയാതിരുന്നവരെക്കൂടി ചേർത്തു പിടിക്കലും അതിലുൾപ്പെടുന്നു.
ശൈലജ
08 - 12 - 2026
Comments
Post a Comment